ചതിക്കപ്പെട്ട ചരിത്രത്തിന്റെ കുളമ്പടികൾ


0
33 shares

ഇരുനൂറ്റി അറുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുളള ഒരു സന്ധ്യാനേരം. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക്‌ ശേഷം തന്റെ സന്തതസഹചാരിയായ വെളുത്ത കുതിരപ്പുറത്ത്‌ ചെമ്പകശേരിമനയില്‍ നിന്നും മടങ്ങിയ കായംകുളം രാജാവ്‌ ഉദയകേരളവര്‍മ. ഇരുള്‍ വീണ വഴികളില്‍ നിന്ന്‌ ചതിയുടെ വാളുകള്‍ വായുവില്‍ താളമിട്ടു. രാജാവിന്റെ ശിരസ്‌ തെറിച്ചുവീണു, വെട്ടേറ്റ അശ്വം ഭയന്ന്‌ കബന്ധവുമായി ഓടി, കൊട്ടാരം ലക്ഷ്യമാക്കി. ലക്ഷ്യത്തിലെത്തുംമുമ്പ്‌ കബന്ധം തെറിച്ചുവീണു, കുതിരയും മരിച്ചുവീണു. ഇവിടെ ഒരു കാലത്തിന്റെ ഇതിഹാസ ചരിത്രത്തിനു വിരാമം. കീഴടക്കപ്പെട്ടവന്റെ നിലവിളിക്കു മീതേ തിരുവിതാംകൂറിന്റെ സിംഹാസനം ഉറപ്പിച്ച്‌ മാര്‍ത്താണ്ഡവര്‍മ വീരചരിത്രം രചിച്ചു.

ചരിത്രം തിരസ്‌ക്കരിക്കപ്പെടുകയോ വളച്ചൊടിക്കപ്പെടുകയോ ചെയ്യാം. തിരസ്‌കരണം മന:പൂര്‍വമാകുമ്പോള്‍ ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന്‌ അവ മായ്‌ക്കപ്പെടും. ചരിത്രവീഥികളിലെ പ്രയാണങ്ങളില്‍ അവ പുതുതലമുറയ്‌ക്കു മുന്നില്‍ അന്യമാകും. അന്യതാബോധം ഉണ്ടാകുന്ന തലമുറകള്‍ സ്വത്വം നഷ്‌ടപ്പെട്ടവരാകും.

ഇത്തരം തിരസ്‌കരണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ യാഥാര്‍ഥ്യങ്ങളെ ഇല്ലാതാക്കപ്പെടുന്നത്‌ ചരിത്രത്തില്‍ സ്വാഭാവികമാകാം. ഇത്തരം തിരസ്‌കരണം ഇല്ലാതാക്കുന്നത നാടിന്റെ സ്‌പന്ദനവും അറിയാനുളള ത്വരയേയുമാണ്‌. ഈ ഗതികേടാണ്‌ കായംകുളം നാട്ടുരാജ്യത്തിന്റെ ചരിത്രത്തിലും സംഭവിച്ചത്‌.

കേരളത്തിന്റെ ചരിത്രത്തില്‍ പടയോട്ടങ്ങള്‍ക്കു പ്രമുഖ സ്‌ഥാനമാണുളളത്‌. കുതിരക്കുളമ്പടികള്‍ക്കിടയില്‍ വീണുപോയ രാജവംശങ്ങള്‍, തകര്‍ത്തെറിയപ്പെട്ട ജീവിതങ്ങള്‍, അന്ത്യംവരെ പോരാടാനുറച്ച ആത്മവീര്യങ്ങള്‍. അത്തരത്തിലുളള ചരിത്രയാഥാര്‍ഥ്യങ്ങളില്‍ പ്രധാനമായിരുന്നു തെക്കന്‍കേരളത്തിലെ ഏറ്റവും വലിയരാജവംശമായിരുന്ന കായംകുളത്തിന്റേത്‌. മന:പൂര്‍വം തിരസ്‌ക്കരിക്കപ്പെട്ട പൊളളുന്ന യാഥാര്‍ഥ്യങ്ങളായിരുന്നു കായംകുളത്തിനുണ്ടായിരുന്നത്‌.

ഒരുപക്ഷേ കായംകുളം ഭരിച്ചിരുന്ന ഉദയകേരളവര്‍മയുടെ വെളുത്ത കുതിരയുടെ കുളമ്പടികള്‍ വേണാടിനെത്തന്നെ ഇല്ലാതാക്കുമെന്ന മാര്‍ത്താണ്ഡവര്‍മയുടെ ഭയം പ്രാചീനവും ആധുനികവുമായ ഔദ്യോഗിക ചരിത്രകാരന്മാരെയും പിടികൂടിയിരുന്നിരിക്കണം.

1734-ല്‍ മാര്‍ത്താണ്ഡവര്‍മയുടെ കിങ്കരന്മാരുടെ ചതിയില്‍പെട്ട്‌ കൊലചെയ്യപ്പെട്ട ഉദയമാര്‍ത്താണ്ഡന്റെ ശരസ്‌ തെറിച്ചുവീണ മണ്ണില്‍ ചരിത്രത്തിന്റെ സ്‌പന്ദനമായി വളര്‍ന്ന്‌ നില്‍ക്കുന്ന പ്ലാവ്‌ കാലത്തേയും അതിജീവിക്കുന്ന മരിക്കാത്ത ഓര്‍മയാകുന്നു. ഔദ്യോഗിക ചരിത്രകര്‍ത്താക്കള്‍ക്കു മുന്നില്‍ തിരസ്‌ക്കരിക്കപ്പെടേണ്ടതല്ല ഈ മണ്ണെന്ന്‌ വിളിച്ചുപറയുകയാണ്‌ കായംകുളം തെക്കേമങ്കുഴി വയലിത്തറയില്‍ വീടിന്റെ സമീപമുളള ഈ പ്ലാവ്‌. ഒരുകാലത്ത്‌ തിരുവിതാംകൂറിനേക്കാള്‍ വലിയ സാമ്രാജ്യമായിരുന്നു കായംകുളം രാജ്യം. തെക്ക്‌ കിളിമാനൂര്‍ മുതല്‍ വടക്ക്‌ പുറക്കാട്‌ വരെയും കിഴക്ക്‌ കൊട്ടാരക്കര വരെയും വ്യാപിച്ചിരുന്ന ശക്‌തമായ രാജ്യം.

അടൂര്‍ മണ്ണടി ക്ഷേത്രത്തിലെ ദേവിയായിരുന്നു രാജാവിന്റെ കുലപരദേവത. മാവേലിക്കര കണ്ടിയൂരില്‍ നിന്നു കായംകുളം എരുവയിലേക്ക്‌ രാജ്യ തലസ്‌ഥാനം മാറ്റിയതോടെ കായംകുളം രാജ്യം എന്നറിയപ്പെട്ടു. 1729 മുതല്‍ 1758 വരെയുളള മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത്‌ നാട്ടുരാജ്യങ്ങളെ ഒന്നൊന്നായി അദ്ദേഹം കീഴടക്കി.

പുറക്കാട്‌, കായംകുളം രാജാക്കന്മാരുമായി നിരന്തരമായി പോരാട്ടം നടത്തി. തൃപ്പടപ്പൂര്‍ സ്വരൂപത്തിലെ തിരുവിതാംകൂര്‍ രാജാവിന്‌ കൊല്ലം രാജാവായിരുന്ന ഉണ്ണിക്കേരളവര്‍മയുമായി ഒടുങ്ങാത്ത ശത്രുതയുണ്ടായിരുന്നു. ഉണ്ണിക്കേരളവര്‍മ കായംകുളം രാജവംശത്തില്‍ നിന്ന്‌ ഒരു യുവരാജാവിനെ ദത്തെടുത്ത്‌ കായംകുളവുമായി ബന്ധമുണ്ടാക്കി. തൃപ്പടപ്പ്‌ കൈവശം ഉണ്ടായിരുന്ന കല്ലട, കൊല്ലം രാജാവ്‌ കീഴടക്കി. ഇത്‌ വേണാടിന്റെ നീരസത്തിന്‌ കാരണമായി.

ദളവ ആറുമുഖന്‍പിളളയുടെ സേനാധിപത്യത്തില്‍ തൃപ്പടപ്പ്‌ കൊല്ലം നഗരം പിടിച്ചു. ദത്തെടുപ്പ്‌ റദ്ദ്‌ ചെയ്‌ത് മാര്‍ത്താണ്ഡവര്‍മയുടെ മേല്‍ക്കോയ്‌മ അംഗീകരിക്കാന്‍ കൊല്ലം രാജാവ്‌ നിര്‍ബന്ധിതനായി. ഉണ്ണിക്കേരളവര്‍മയെ തിരുവനന്തപുരം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ തടവുകാരനാക്കി. ഈ സംഭവം കായംകുളം രാജാവിനെ ക്രൂദ്ധനാക്കി. ഈ സമയം മാര്‍ത്താണ്ഡവര്‍മ മരുതൂര്‍കുളങ്ങര കീഴടക്കി. ആറ്റിങ്ങല്‍ രാജകുമാരിയെ ദത്ത്‌ കൊടുത്തുകൊണ്ടും അധികാരം കൈവശപ്പെടുത്തിക്കൊണ്ടും മാര്‍ത്താണ്ഡവര്‍മ ദേശിംഗനാടിനെ കീഴ്‌പ്പെടുത്തി. കൊച്ചിരാജാവുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ട്‌ വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നും രക്ഷപെടാന്‍ ഉണ്ണിക്കേരളവര്‍മയെ പ്രേരിപ്പിക്കാന്‍ കായംകുളം രഹസ്യദൂത്‌ അയച്ചു.

1734-ല്‍ ഫ്രഞ്ചുകാരും അഞ്ചുതെങ്ങിലെ ഇംഗ്ലീഷുകാരും നല്‍കിയ പടക്കോപ്പുകളുമായി മാര്‍ത്താണ്ഡവര്‍മ കായംകുളത്തിനെതിരെ നീങ്ങി. സൈന്യം രണ്ടായി തിരിഞ്ഞ്‌ ഒരേസമയം കൊല്ലത്തേയും കായംകുളത്തേയും ആക്രമിച്ചു. കായംകുളത്തെ ആക്രമിച്ചപ്പോഴെല്ലാം പരാജയപ്പെട്ട മാര്‍ത്താണ്ഡവര്‍മ ഇത്തവണ കരുതലോടെയാണ്‌ നീങ്ങിയത്‌. എങ്കിലും പരാജയം മണത്തു.

എരുവയില്‍ അച്യുതവാര്യര്‍ എന്ന അസാമാന്യനായ ആയുധാഭ്യാസി കായംകുളത്തിന്റെ പടത്തലവനായിരിക്കുമ്പോള്‍ കായംകുളത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന്‌ മനസിലാക്കിയ രാമയ്യന്‍ ദളവ, ഉപാസനമൂര്‍ത്തിയായ കണ്ണമംഗലം ശിവക്ഷേത്രത്തില്‍ നിര്‍മാല്യപൂജ തൊഴാന്‍ പുലര്‍ച്ചെ നിരായുധനായെത്തിയ അച്യുതവാര്യരെ ക്ഷേത്രത്തിന്റെ പിന്നിലെ പ്രദക്ഷിണ വഴിയില്‍ വെച്ച്‌ വെട്ടി വീഴ്‌ത്തി. അത്ഭുത ശക്‌തിയുണ്ടെന്ന്‌ കരുതുന്ന, കായംകുളം രാജാവ്‌ പൂജിച്ചിരുന്ന ശ്രീചക്രം രാമയ്യന്‍ദളവ വേഷം മാറി മോഷ്‌ടിച്ചുകൊണ്ടുപോയി.

ധീരനായ കായംകുളം രാജാവാകട്ടെ പ്രതിസന്ധികളില്‍ പതാറാതെ തിരുവിതാംകൂറിനെതിരേ പിടിച്ചുനിന്നു. കട്ടച്ചിറയിലുളള ചെമ്പകശേരി ഇല്ലത്തേക്കു സ്‌ഥിരമായി കായംകുളം രാജാവ്‌ വിനോദത്തിനും ചര്‍ച്ചകള്‍ക്കുമായി പോകാറുണ്ടെന്ന്‌ ചാരന്മാര്‍ മുഖേനെ അറിഞ്ഞ രാമയ്യന്‍, ഒരു സന്ധ്യയ്‌ക്ക് ഇല്ലത്ത്‌ നിന്ന്‌ മടങ്ങുകയായിരുന്ന രാജാവിനെ വഴിയില്‍ പതിയിരുന്ന്‌ വെട്ടിവീഴ്‌ത്തി. അപ്രതീക്ഷിതമായ ആക്രമണം തടയാന്‍ രാജാവിന്‌ കഴിഞ്ഞില്ല. ഒറ്റവെട്ടിന്‌ രാജാവിന്റെ തല തെറിച്ചുവീണു. രാജാവിന്റെ സന്തതസഹചാരിയായ വെളളക്കുതിരയ്‌ക്ക് വെട്ടേറ്റെങ്കിലും രാജാവിന്റെ തലയില്ലാത്ത ഉടലുമായി കൊട്ടാരം ലക്ഷ്യംവെച്ച്‌ ഓടി.

രാജാവിന്റെ ഉടല്‍ ഏറെ അകലത്തല്ലാതെ വീണു. കുതിരയും മറിഞ്ഞു. രാജാവിന്റെ ശിരസ്‌ വീണ സ്‌ഥലത്ത്‌ പ്ലാവ്‌ വളര്‍ന്നുവരുന്നു. രണ്ടുവത്തിന്‌ മുമ്പുവരെ വയലിത്തറയില്‍ വീട്ടുകാര്‍ ഇവിടെ വിളക്ക്‌ വെയ്‌ക്കുമായിരുന്നു. രാജാവിന്റെ ഉടല്‍വീണ സ്‌ഥലത്തിന്‌ സമീപം ചൂനാട്‌ ചെറായില്‍ ക്ഷേത്രവും നൂറ്റാണ്ടുകള്‍ പഴക്കമുളള കാവും നിലനില്‍ക്കുന്നു. കുതിരയെ മൂടിയ സ്‌ഥലം കുതിരക്കുന്നായി അറിയപ്പെട്ടു. പ്രാചീനമായ കട്ടച്ചിറ നിലയ്‌ക്കല്‍ ക്ഷേത്രത്തില്‍ രാജാവിന്റെ ശിലാപീഠം നിത്യേന പൂജിച്ചുവരുന്നുണ്ട്‌.

എല്ലാറ്റിനും സാക്ഷിയായ ചെമ്പകശേരി ഇല്ലവും കാവും അന്യാധീനമായി. പുതിയ തലമുറ മറ്റാളുകള്‍ക്ക്‌ വിറ്റതോടെ മന മൂകസാക്ഷിയായി. ഒപ്പം കാലവും. രാജാവിന്റെ അന്ത്യത്തോടെ കായംകുളം കീഴടങ്ങി. ഒന്നുംതന്നെ അവശേഷിപ്പിക്കാതെ ജൈത്രയാത്ര നടത്തിയ മാര്‍ത്താണ്ഡവര്‍മയുടെ വിശ്രമസങ്കേതമായി കൃഷ്‌ണപുരത്ത്‌ കൊട്ടാരം പണിതു. ഇതിനെ കായംകുളം കൊട്ടാരമെന്ന്‌ തെറ്റിദ്ധരിപ്പിച്ചു. ചരിത്രത്തിന്‌ മീതെ ഒരു നാടിന്റെ സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കാന്‍ തുടര്‍ന്ന്‌ വന്നവരും ശ്രമിച്ചു. എന്നാല്‍ ചതിക്കപ്പെട്ട രാജാവും ചരിത്രവും കാലത്തിന്റെ പിന്നാമ്പുറത്തേക്ക്‌ ഒതുക്കാനുളള ശ്രമങ്ങള്‍ വിജയിക്കുന്നില്ല. സ്വര്‍ണപാത്രത്തിനാല്‍ മൂടിവെച്ചാലും സത്യം ഒരിക്കല്‍ പുറത്തുവരാം. ആ ചരിത്രത്തിലെ ഏടുകളാണ്‌ കുതിരക്കുന്നിലും തെക്കേമങ്കുഴി വയലിത്തറയിലും നിലയ്‌ക്കല്‍ ക്ഷേത്രത്തിലുമെല്ലാമായി വ്യാപിച്ചുനില്‍ക്കുന്നത്‌. ഒപ്പം ചോരമണം മാറാത്ത ചരിത്രവഴികളിലെ ചതിക്കുഴികളും.


Like it? Share with your friends!

0
33 shares
Sarath Babu

Choose A Format
Personality quiz
Series of questions that intends to reveal something about the personality
Trivia quiz
Series of questions with right and wrong answers that intends to check knowledge
Poll
Voting to make decisions or determine opinions
Story
Formatted Text with Embeds and Visuals
List
The Classic Internet Listicles
Countdown
The Classic Internet Countdowns
Open List
Submit your own item and vote up for the best submission
Ranked List
Upvote or downvote to decide the best list item
Meme
Upload your own images to make custom memes
Video
Youtube, Vimeo or Vine Embeds
Audio
Soundcloud or Mixcloud Embeds
Image
Photo or GIF
Gif
GIF format